
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കെതിരെ നടന്ന ജാതി അധിക്ഷേപം രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഏല്‍ക്കേണ്ടിവന്ന അപമാനമാണെന്ന് മുന്‍ മന്ത്രി കെ. ബാബു. കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നതിനപ്പുറം രാജ്യസഭയിലെ പ്രതിപക്ഷ നേതാവിനെയാണ് അപമാനിച്ചത്. ഇങ്ങനെപോയാല്‍ ജനം വൈകാതെ നരേന്ദ്രമോദിയുടെയും, അമിത്ഷായുടെയും കസേരകളില്‍ ചാണക വെള്ളം തളിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന് അപമാനമാണ്. സംഘപരിവാറിന്റെ ജാതിവേട്ടയ്ക്ക് ഇന്നും നിരവധി പേര്‍ ഇരകളാകുന്നുണ്ടെന്നും കെ. ബാബു പറഞ്ഞു. ഖര്‍ഗെയ്ക്കെതിരായ ജാതി അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന ഉറപ്പുനല്‍കുന്ന മൂല്യങ്ങള്‍ക്ക് സംഘപരിവാര്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്. എഫ്‌സിആര്‍എ ബില്ലിലൂടെ ക്രിസ്ത്യന്‍ സമൂഹത്തെയും ഏക സിവില്‍ കോഡിലൂടെ മുസ്ലിംകളെയും ദ്രോഹിക്കുകയാണെന്നും കെ. ബാബു ആരോപിച്ചു.
ഖര്‍ഗെ പങ്കെടുത്ത പൊതുയോഗത്തിന് ശേഷം ആര്‍എസ്എസ് വേദി ശുദ്ധീകരിച്ചത് ജനാധിപത്യത്തിന് നേരെയുള്ള കളങ്കമാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎല്‍എ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അംബേദ്കര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ ഇല്ലാതാക്കാനും ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും ഭരണകൂടം നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഐ.കെ. രാജു, എന്‍. വേണുഗോപാല്‍, ഡൊമിനിക് പ്രസന്റേഷന്‍, കെ.എം. സലീം, ബാബു പുത്തനങ്ങാടി, പോലച്ചന്‍ മാനിയങ്ങോട്, എം.പി. ശിവദത്തന്‍, ഷാജി കുറുപ്പുശേരി, വി.കെ. സജീവന്‍, അബ്ദുല്‍ ലത്തീഫ്, ലാലി ജോഫിന്‍, വിജു ചൂളക്കന്‍ എന്നിവര്‍ പങ്കെടുത്തു.
Photo Courtesy - Google










